കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ വിവാദം; എം.ജി. ശ്രീകുമാറിന് ₹25,000 പിഴ
കൊച്ചി: കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട് പ്രശസ്ത പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിന് ₹25,000 പിഴ ചുമത്തിയതായി മുളവുകാട് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്ത് രാജ് ആക്ടിന്റെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് പിഴ നോട്ടീസ് നൽകിയത്. കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് മാലിന്യപ്പൊതി വീഴുന്നത് ഒരു വിനോദ സഞ്ചാരി മൊബൈൽ ഫോണിൽ പകർത്തി മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുകയായിരുന്നു. എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണെന്നു തിരിച്ചറിയാനാവില്ല. പിഴ നോട്ടീസ് ലഭിച്ചതോടെ എം.ജി. ശ്രീകുമാർ തുക അടച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് എതിരെ 94467 00800 എന്ന വാട്‌സാപ് നമ്പറിലേക്ക് തെളിവുകൾ അയച്ച് പരാതി നൽകാമെന്നു മന്ത്രി വ്യക്തമാക്കി. പിഴ അടച്ച ശേഷം, പരാതി നൽകിയ വ്യക്തിക്ക് പാരിതോഷികം നൽകുമെന്നുമുള്ള തീരുമാനവും സർക്കാർ എടുത്തിട്ടുണ്ട്.